Thursday, 25 February 2016

നാട്ടിലെ താരം ചെമ്പടാക്ക്

Cempedak-HG30


കാഴ്ചയില്‍ നമ്മുടെ ചക്ക തന്നെ! എന്നാല്‍ അടുത്തറിഞ്ഞാല്‍ ചക്കയേക്കാള്‍ സ്വാദും സുഗന്ധവും. കേരളത്തില്‍ അടുത്ത കാലത്താണ് ചെമ്പടാക്ക് ശ്രദ്ധിക്കപ്പെട്ടതെങ്കിലും മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍റ് എന്നീ രാജ്യങ്ങളില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ കൃഷി ചെയ്തു പോരുന്നു. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വിളയുന്ന ഈ പഴത്തിന്‍റെ വേരുകള്‍ മലയാളക്കരയുടെ നന്മ നിറഞ്ഞ മണ്ണിലും നന്നായി വളരുമെന്ന് ഈയടുത്ത കാലത്തെ ഗവേഷണങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. പ്ലാവിന്‍റെ ജനുസ്സിലെ മറ്റൊരു അംഗമായ ചെമ്പടാക്ക് അര്‍ട്ടോകോര്‍പ്പസ് ഇന്‍റിഗര്‍ എന്ന ശാസ്ത്രീയ നാമത്തില്‍ അിറയപ്പെടുന്നു. സ്വാഭാവികമായി ഏകദേശം ഇരുപതു മീറ്ററോളം ഉയരത്തില്‍ വളരുന്ന മരങ്ങള്‍ ധാരാളം ശാഖോപശാഖകള്‍ പുറപ്പെടുവിച്ച് ഒരു നിത്യഹരിത മരമായി വളരുന്നു. എന്നാല്‍ വ്യാവസായികമായി കൃഷി ചെയ്യുമ്പോള്‍ മരങ്ങളെ ഉയരം കുറച്ച് നല്ല രൂപഭംഗിയോടെ വളര്‍ത്തി, ധാരാളം ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ സജ്ജമാക്കാവുന്നതാണ്. കടും പച്ച നിറത്തിലുള്ള ഇലകളും തണ്ടുകളും രോമാവൃതമാണ് എന്നത് നമ്മുടെ ചക്കയില്‍ നിന്ന് ചെമ്പടാക്കിനെ വ്യത്യസ്തമാക്കുന്നു.

തായ്ത്തടിയിലും വണ്ണം കൂടിയ ശാഖകളിലുമാണ് ഫലങ്ങള്‍ ഉണ്ടാകുന്നത്. പഴങ്ങള്‍ക്ക് ഏകദേശം 2 മുതല്‍ 3 കിലോഗ്രാം വരെ ഭാരമുണ്ടാകും. ഓരോ പഴത്തിലും 10 മുതല്‍ 20 വരെ ചുളകള്‍ ഉണ്ടായിരിക്കും. ഇനമനുസരിച്ച് ചുളകള്‍ക്ക് മഞ്ഞയോ കടുത്ത ഓറഞ്ചോ നിറമുണ്ടായിരിക്കും. പാകമായ പഴങ്ങള്‍ ഒരു കത്തി ഉപയോഗിച്ച് നെടുകെ വരഞ്ഞ് കൈകൊണ്ട് നീക്കി സ്വാദിഷ്ടമായ ചുളകള്‍ വേര്‍പെടുത്താം. വളരെ ഹൃദ്യമായ സുഗന്ധവും മാധുര്യവുമുള്ള ചുളകള്‍ ഐസ്ക്രീം പോലെ നാവിലലിയുന്നത് അസാധാരണമായ അനുഭവമാണെന്ന് തന്നെ പറയാം. അതിനാലാവാം, ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പഴങ്ങളുടെ ആരാധകര്‍ സീസണായാല്‍ ചെമ്പടാക്ക് തേടി ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ദുരിയാന്‍ പോലെ തന്നെ ചെമ്പടാക്ക് പഴങ്ങള്‍ക്കും ആരാധകരേറെ. കായ്കള്‍ക്ക് വലുപ്പം കുറവാണെന്നത് ചെമ്പടാക്കിനെ പ്രിയതരമാക്കുന്നു.
Cempedak
വിത്തുകള്‍ മുളക്കുമെങ്കിലും കായിക പ്രവര്‍ത്തനത്തിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന തൈകളാണ് നടേണ്ടത്. ഇതില്‍ത്തന്നെ മുകുളനം വഴി തയ്യാറാക്കിയ തൈകള്‍ നന്നായി വളരുകയും നല്ല രൂപഭംഗിയോടെ വളരുകയും ചെയ്യുന്നതായി കാണുന്നു. പ്ലാവ് വളരുന്ന ഏത് മണ്ണിലും കാലാവസ്ഥയിലും ചെമ്പടാക്ക് വളര്‍ത്താമെങ്കിലും നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് ഏറ്റവും അഭികാമ്യം. മണ്ണില്‍ ജൈവാംശത്തിന്‍റെ ഉയര്‍ന്ന അളവും മിതമായ അമ്ലത്വവുമുണ്ടെങ്കില്‍ ചെമ്പടാക്ക് നന്നായി വളരും. സൂര്യപ്രകാശത്തിന്‍റെയും മഴയുടെയും ഉയര്‍ന്ന ലഭ്യത അതിന്‍റെ വളര്‍ച്ച ത്വരിതപ്പെടുത്തും. വേനല്‍ക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്തണം. ഈര്‍പ്പം നിലനിര്‍ത്തുവാന്‍ ഉണങ്ങിയ ഇലകളോ തൊണ്ടോ കൊണ്ട് പുതയിടണം. വ്യാവസായികമായി കൃഷി ചെയ്യുകയാണെങ്കില്‍ മരങ്ങള്‍ക്ക് 30 അടി അകലം നല്‍കണം. ഒരു മീറ്റര്‍ സമചതുരത്തിലെടുത്ത കുഴികളില്‍ മേല്‍മണ്ണും നന്നായി ഉണങ്ങിപ്പൊടിഞ്ഞ മൂന്ന് കുട്ട ചാണകപ്പൊടിയും ഒരു കിലോ വീതം സൂപ്പര്‍ഫോസ്ഫേറ്റും മേല്‍ത്തരം വേപ്പിന്‍ പിണ്ണാക്കും നല്‍കി കുഴികള്‍ നിറയ്ക്കാം. ചജഗ 18 കോംപ്ലക്സ് 200 ഗ്രാം വീതം വര്‍ഷത്തില്‍ 2 പ്രാവശ്യം കൊത്തിച്ചേര്‍ത്ത് കൊടുക്കുന്നത് തൈകളെ കരുത്തോടെ വളര്‍ത്തുന്നതിനും ധാരാളം കായ്ഫലം നല്‍കുന്നതിനും സഹായിക്കും. അഞ്ചു വര്‍ഷത്തിനു മേല്‍ പ്രായമുള്ള മരങ്ങള്‍ക്ക് 1 കിലോഗ്രാം വരെ ചജഗ 18 കോംപ്ലക്സ് രണ്ടു പ്രാവശ്യം നല്‍കാവുന്നതാണ്

homegrown-biotech-cempedak
വളര്‍ന്നു വരുന്ന പഴങ്ങളെ പോളിത്തീന്‍ കൂടു കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കുന്നത് കായീച്ചകളുടെയും മറ്റ് പ്രാണികളുടെയും കല്യങ്ങളില്‍ നിന്ന് സംരക്ഷിക്കും. കാര്യമായ രോഗബാധയൊന്നും തന്നെ പ്രായമായ മരങ്ങളില്‍ കാണപ്പെടുന്നില്ല തെക്കു കിഴക്കന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ജന്മം കൊണ്ട മറ്റു വിദേശിപ്പഴങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിച്ച മലയാളത്തിന്‍റെ കര്‍ഷക പ്രേമികള്‍ ചെമ്പടാക്കിനെയും തങ്ങളുടെ കൃഷിയിടങ്ങളില്‍ സ്വീകരിക്കുന്ന കാഴ്ച ആശാവഹമാണ്

ഡോ.സണ്ണി ജോർജ്, ഡയറക്ടർ, റിസേർച് ആൻഡ് ഡെവലപ്മെന്റ്, 

ഹോംഗ്രോൺ ബയോടെക്, കാഞ്ഞിരപ്പള്ളി, ഫോൺ - 8113966600 ,04828297001 

1 comment:

  1. ചജഗ 18 കോംപ്ലക്സ് ethenthuava.... medikan kittumo

    ReplyDelete