റംബുട്ടാൻ : കേരളത്തിന്റെ സാധ്യത , ഇന്ത്യയുടേയും !

ഉഷ്ണമേഖല ഫലവൃക്ഷമായ റംബുട്ടാൻ ആകർഷകമായ നിറഭേദങ്ങൾക്കും രുചി മാധുര്യത്തിനും പ്രസിദ്ധമാണ്.കേരളത്തിലെ വളക്കൂറുള്ള മണ്ണിൽ ഒരു പുതിയ ഇടം നേടിയെടുക്കാൻ റംബുട്ടാന് കഴിഞ്ഞു.തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ നിന്ന് ഉത്ഭവിച്ച ഈ ഫലവൃക്ഷം കർഷകരുടെയും പഴവർഗ്ഗ പ്രേമികളുടെയും ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു .കേരളത്തിൽ അഭിവൃദ്ധി പ്രാപിക്കുന്ന കാർഷിക ഉത്പന്നമായി റംബുട്ടാൻ മാറിയിരിക്കുന്നു.
കേരളത്തിൽ റംബുട്ടാൻ കൃഷി: സമീപകാലത്ത് കേരളത്തിൽ റംബുട്ടാൻ കൃഷിയിൽ അതിശയകരമായ പുരോഗതി ഉണ്ടായി.ഏക്കറുകളോളം പരന്നുകിടക്കുന്ന റംബുട്ടാൻ തോട്ടങ്ങൾ കേരളത്തിലെ കുളിർമ പകരുന്ന കാഴ്ച്ചയായി.ഈ ഉഷ്ണമേഖലാ പഴത്തെ കേരളീയർ ഇരു കൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലവും ജൈവാംശമുള്ള മണ്ണും റംബുട്ടാൻ കൃഷിക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.
റംബുട്ടാൻ : സ്വഭാവഗുണങ്ങൾ 10 -12 മീറ്റർ ഉയരത്തിൽ വളരാൻ കഴിയുന്ന റംബുട്ടാൻ മരങ്ങൾ നിത്യഹരിത ഇനത്തിൽ പെടുന്നവയാണ്.ഇതിൻറെ ഫലങ്ങൾ ഉരുണ്ടതോ മുട്ടയുടെ ആകൃതിയിലുള്ളതോ ആകാം.ഒരു കുലയിൽ 15 മുതൽ 20 വരെ പഴങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. രോമാവൃതമായ പുറംതോടോടുകൂടിയ ഈ പഴം കടും ചുവപ്പും മഞ്ഞയും നിറങ്ങളിൽ കുലകളായി കാണപ്പെടുന്നു.ചില മികച്ച ഇനങ്ങൾ N18,Rongrien പോലുള്ളവ വിളവെടുപ്പിന് പാകമായതിന് ശേഷവും 10-15 ദിവസത്തേക്ക് മരത്തിൽ കേടുകൂടാതെ നിലനിൽക്കുന്നു.
ശാസ്ത്രീയ കൃഷി രീതികൾ - റംബുട്ടാൻ കൃഷിയുടെ വിജയം, ശാസ്ത്രീയമായ കൃഷി രീതികളെ ആശ്രയിച്ചിരിക്കുന്നു.സൂക്ഷ്മമായ പ്രവർത്തന രീതികൾ ഇതിന് ആവശ്യമാണ്.കുഴി തയ്യാറാക്കൽ,നടുന്ന രീതികൾ,വെട്ടിയൊരുക്കൽ ,വളപ്രയോഗം തുടങ്ങിയ പ്രക്രിയകളിൽ ശ്രദ്ധ ചെലുത്തുന്നത് മൂലം റംബുട്ടാന്റെ ആരോഗ്യകരമായ വളർച്ചയും സമൃദ്ധമായ വിളവെടുപ്പും ഉറപ്പാക്കാൻ കഴിയും.വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രത്യേക പരിചരണം ആവശ്യമാണ്.
പൂവിടുന്ന കാലവും പരിചരണവും: സാധാരണ ഗതിയിൽ ജനുവരി മുതൽ ഏപ്രിൽ വരെയാണ് റംബുട്ടാൻ പൂവിടുന്നത്.ഒക്ടോബർ - നവംബർ മാസങ്ങളിൽ റംബുട്ടാൻ മരങ്ങൾക്ക്,മരങ്ങളുടെ വലുപ്പമനുസരിച്ചു് 250 ഗ്രാം മുതൽ 800 ഗ്രാം വരെ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് കൊടുക്കുന്നത് പൂവിടൽ ത്വരിതപ്പെടുത്തും.ഇതിനുശേഷം പൂവിടുന്നതിന് മുമ്പുള്ള ഘട്ടങ്ങളിൽ ഈർപ്പം നിൽക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ വളപ്രയോഗവും ജലസേചനവും(മുതിർന്ന ചെടികൾക്ക് 2 മുതൽ 3 ആഴ്ചവരെ) ഒഴിവാക്കേണ്ടതാണ്. പിന്നീട് തുടർച്ചയായ ജലസേചനം നടത്തുകയും ചെയ്യേണ്ടതാണ്.ചൂടുകൂടുന്നതനുസരിച്ച് പൂക്കളും കായ്കളും പൊഴിഞ്ഞു പോകാതിരിക്കാൻ പതിവായി നനയ്ക്കേണ്ടത് അത്യാവശ്യമാണ്.പൂവിടുമ്പോൾ 1 ഗ്രാം / ലി എന്ന തോതിൽ മൈക്രോ ന്യൂട്രിയന്റ് സ്പ്രേ ചെയ്യുന്നത്‌ മൂലം ഇവയുടെ അഭാവത്താലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.അമിതമായി പൂക്കൾ കൊഴിയുന്ന സന്ദർഭങ്ങളിൽ 3 ഗ്രാം / ലി പൊട്ടാസ്യം നൈട്രേറ്റ് തളിക്കുന്നത് പൂക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.

Comments

Popular posts from this blog

കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ സലാക്ക് (സ്നേക്ക് ഫ്രൂട്ട്)

The Miracle of Miracle fruit

സീഡ് ഫ്രീ ചക്ക - ടേബിൾ ടോപ്പ് ഇനങ്ങളിൽ കിരീടം വയ്ക്കാത്ത രാജാവ്